Kerala
കോട്ടയം: ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരൻ. പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകനാണ് കത്ത് നൽകിയത്.
മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷത്തെ തടവ് ശിക്ഷയുണ്ടെന്നും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറഞ്ഞു. രണ്ടു വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയുണ്ടെങ്കിൽ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കാപ്പനെ മാറ്റിനിർത്തണമെന്നാണ് ആവശ്യം. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേഷ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളിലാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ തടവിന് ശിക്ഷിച്ചത്. വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കാപ്പനെതിരെ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. മൂന്നുകോടിയിലധികം രൂപ മാണി സി. കാപ്പൻ തട്ടിയെടുത്തുവെന്നാണ് കേസ്.
അതേസമയം ഇക്കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചതോടെ മാണി സി. കാപ്പന് ആശ്വാസമായി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കാപ്പന്റെ നിലപാട്.
വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമവിധി വന്നിട്ടില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം മാണി സി. കാപ്പനെതിരായ വിധി രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. സംഭവം പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി എംപി അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമതർക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷയും സമർപ്പിച്ചു.
പ്രധാന വിധികളും മാധ്യമ റിപ്പോർട്ടുകളും ഉൾപ്പെടുത്തി സ്പീക്കർക്ക് 20 അപേക്ഷകൾ നൽകിയെന്നും ഭരണഘടനയ്ക്ക് അനുസൃതമായ നടപടി സ്പീക്കർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഷേക് ബാനർജി അറിയിച്ചു. തൃണമൂൽ കോൺഗ്രസിലെ 20 ലോക്സഭാ എംപിമാരാണ് പാർട്ടി വിട്ട് എൻസിപിഐയിൽ ലയിക്കാനും ബിജെപിയെ പിന്തുണയ്ക്കാനും തീരുമാനിച്ചത്.
ബംഗാളിൽ രജിസ്റ്റർ ചെയ്ത എൻസിപിഐ 2023ലെ ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ചുരുക്കം സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം 20 പേർ പാർട്ടിയിലേക്ക് എത്തിയതോടെ ലോക്സഭയിൽ ഭരണകക്ഷിയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയായി എൻസിപിഐ മാറി.
Kerala
കൊച്ചി : വെള്ളപ്പള്ളി നടേശൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീൽ ഇന്ന് പരിഗണിക്കും. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് അപ്പീലിൽ പറയുന്നു.
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അയോഗ്യരാക്കിയത്. കമ്പനി നിയമത്തിലെ 164(2) വകുപ്പ് പ്രകാരം സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ യഥാസമയം ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി.
കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്.
തുടർച്ചയായി മൂന്ന് വർഷം റിട്ടേണൺ നൽകിയില്ലെങ്കിൽ മാത്രമാണ് അയോഗ്യത. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പരിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. കേന്ദ്ര കമ്പനി നിയമ പ്രകാരമുള്ള ഡിൻ നമ്പർ ഹാജരാക്കിയിട്ടുണ്ടെന്നും അയോഗ്യരാക്കിയ നടപടി നിലനിൽക്കില്ലെന്നുമാണ് വാദം.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശനെയും എസ്എന്ഡിപി യോഗത്തിന്റെ ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കിയതില് ആഹ്ലാദപ്രകടനവും മധുര വിതരണവുമായി എസ്എന്ഡിപി സംരക്ഷണ മുന്നണി പറവൂര് ഘടകം.
പറവൂരില് സംഘടിപ്പിച്ച പരിപാടി ജില്ല സെക്രട്ടറി എ.ആര്. പ്രകാശന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ഡി. ഉണ്ണികൃഷ്ണന്, സതീശന് തത്തപ്പിള്ളി, കെ.ജി. മധു പ്രദീപ്, തട്ടാപ്പടി ബൈജു, വി.എസ്. ബോബന് തുടങ്ങി നിരവധി പേര് ആഹ്ലാദപ്രകടനത്തില് പങ്കെടുത്തു.
എസ്എന്ഡിപിയുടെ ചരിത്രത്തില് ആദ്യമായാണ് ജനറല് സെക്രട്ടറിയെ കോടതി പുറത്താക്കുന്നത്. കമ്പനി നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ബെഞ്ച് ഉത്തരവിട്ടത്. ഒമ്പതു വര്ഷമായി സ്ഥാപനം വാര്ഷിക റിട്ടേണ് സമര്പ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് നടപടി.
വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ ശിവഗിരി മഠം സ്വാഗതം ചെയ്തു. കോടതി വിധി ശ്രീനാരായണ ഭക്തര്ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണിത് എന്നാണ് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞത്.
Kerala
തിരുവനന്തപുരം: പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമസഭാ എത്തിക്സ് ആന്ഡ് പ്രിവിലേജ് കമ്മിറ്റി തിങ്കളാഴ്ച തീരുമാനമെടുക്കും. ഡി.കെ. മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്.
നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. രാഹുലിന്റെ ഭാഗംകൂടി കേട്ടാകും കമ്മിറ്റി തീരുമാനമെടുക്കുക. നിരന്തരം പീഡന കേസിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്.
രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആന്ഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. അതേസമയം സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായ മറ്റ് എംഎൽഎമാരുടെ കാര്യം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാൽ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോൺഗ്രസ് തീരുമാനം. മൂന്നാം പീഡനക്കേസിൽ റിമാൻഡിലായിരുന്ന രാഹുൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് വിജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത തടവുകാരുടെ അയോഗ്യത സംബന്ധിച്ച കാര്യത്തില് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗ് നടത്തും. ജയിലില് കഴിയുന്നതിനെ തുടര്ന്ന് സത്യപ്രതിജ്ഞ ചെയ്യാന് കഴിയാത്ത കണ്ണൂര് ജില്ലയിലെ രണ്ട് തദ്ദേശ സ്ഥാപന വിജയികളുടെ അയോഗ്യത സംബന്ധിച്ചാണ് ഹിയറിംഗ് തുടങ്ങാന് തീരുമാനിച്ചത്.
തലശേരി നഗരസഭയിലെ 37-ാം വാര്ഡില് വിജയിച്ച പ്രശാന്ത്, പയ്യന്നൂര് നഗരസഭയിലെ 46-ാം വാര്ഡിലെ വിജയി വി,കെ. നിഷാദ് എന്നിവരാണ് ജയിലില് കിടക്കുന്നതിനെ തുടര്ന്ന് ഇനിയും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തത്. തെരഞ്ഞെടുക്കപ്പെട്ടാല് മതിയായ കാരണമില്ലാതെ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില് അംഗത്വം അസാധുവാകുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ചട്ടം.
30 ദിവസം പിന്നിട്ട സാഹചര്യത്തില് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്യാത്ത വിവരം തലശേരി നഗരസഭ സെക്രട്ടറി കണ്ണൂര് ജില്ലാ കളക്ടറെ അറിയിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടര് ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. തുടര്ന്നാണ് ഇക്കാര്യത്തില് കമ്മീഷന് ഹിയറിംഗ് നടത്തി തീരുമാനമെടുക്കുക.
നിഷാദിന്റെ കാര്യത്തില് നേരത്തെ തന്നെ കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില് മത്സരിക്കുന്നതിനായി നിഷാദിന്റെ പത്രിക സ്വീകരിച്ചതില് തന്നെ നിയമപ്രശ്നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിലും കമ്മീഷന് വൈകാതെ ഹിയറിംഗ് നടത്തും.
മതിയായ കാരണം ബോധിപ്പിക്കാന് ഇരുവരുടെയും അഭിഭാഷകരാകും തെരഞ്ഞെടുപ്പു കമ്മീഷന് മുൻപാകെ ഹാജരാകുക. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര് എ. ഷാജഹാനാണ് തെരഞ്ഞെടുപ്പു കോടതിയുടെയും ചുമതല.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയേക്കുമെന്ന് സൂചന.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോഗ്യത നടപടിക്ക് നിയമോപദേശം തേടും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, വൈദ്യപരിശോധനയ്ക്കായി രാഹുൽ മാങ്കൂട്ടത്തിലിനെ എത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. കൂകി വിളികളും മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.